Thursday, March 14, 2013

ഉളീസസ്സും കിണറ്റിലെ തവളയും

ചിലരുണ്ട് ,
എവിടേയും  വേരുകളാഴ്ത്താതെ-
ഒന്നിലും നോട്ടങ്ങളുറപ്പിക്കാതെ-
ചക്രവാളത്തിലേക്ക് പായുന്നവര്‍. 

കടലാഴങ്ങളിലെ ഉപ്പ്‌ -
നിണത്തിലും.     
മരുഭൂമിയിലെ കള്ളിമുള്ളുകള്‍ -
നിനവിലും . 
ധ്രുവങ്ങളിലെ തണുപ്പ് -
സ്വപ്നങ്ങളിലുമുണ്ടെന്ന് -
മേനി പറയുന്നവര്‍. 

ഒരു ഭൂമിയിലും വേരില്ലാത്തവര്‍. 
ഒരാകാശവും മഴ നല്കാത്തവര്‍. 
അനാഥര്‍. 

ചിലരുണ്ട്,
'o' വട്ട'ത്തില്‍ ഇഷ്ടങ്ങളുള്ളവര്‍. 
'ഇവിടെ', 'ഇവിടെ മാത്രം' എന്നു പുലമ്പുന്നവര്‍. 
'എന്റെ നിലാവ് ', 'എന്റെ മഴ' എന്നു സ്വാര്‍ത്ഥരാവുന്നവര്‍ . 
പിഴുതെടുക്കുമ്പോള്‍ -
വേരുകള്‍ കൂട്ടിപ്പിടിച്ച് -
നൊന്തു കരയുന്നവര്‍ . 

നിണത്തിലും നിനവിലും -
ഒരേ മണ്ണിന്റെ ഗന്ധവും ,
ഒരേ ആകാശത്തിലെ മഴയും 
സ്വന്തമായുള്ളവര്‍ . 
സനാഥര്‍ . 
   

No comments:

Post a Comment